കൊച്ചി> എറണാകുളം ജില്ലയിലെ കോവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും ഉയരുന്നു. ജില്ലയിലാണ് കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസേന ശരാശരി അറുന്നൂറിനും എഴുന്നൂറിനുമിടയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചമുമ്ബ് ശരാശരി കോവിഡ് കേസുകളുടെ എണ്ണം ശരാശരി 450 ആയിരുന്നു. എന്നാല്‍, ഒരാഴ്ച പിന്നിട്ടപ്പോള്‍ വ്യാഴാഴ്ചമാത്രം 796 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരണ നിരക്ക് 18.2 ശതമാനമായി ഉയര്‍ന്നു. കോവിഡ് വ്യാപനം തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന തോതിലാണെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ ആഴ്ച അവലോകന യോഗവും വിലയിരുത്തി. മഴക്കാലവും സ്കൂള്‍ തുറന്നതും കൂടിച്ചേരലുകള്‍ കൂടിയതും വൈറസ് വ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു. കുട്ടികള്‍ക്ക് വൈറസ് വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. ജലദോഷം, ചുമ തുടങ്ങിയ ചെറിയ ലക്ഷണങ്ങളേ കുട്ടികളില്‍ ഉണ്ടാകുന്നുള്ളൂ. എന്നാല്‍, കുട്ടികളിലൂടെ വീടുകളിലേക്ക് വൈറസ് എത്താം.
കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. മുതിര്‍ന്ന പൗരന്മാരും അനുബന്ധ രോഗങ്ങളുള്ളവരും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. അഞ്ചുദിവസത്തിലേറെ നീളുന്ന കടുത്ത പനി, ക്ഷീണം, ശ്വാസതടസ്സം, ഓക്സിജന്‍ സാച്ചുറേഷനിലെ കുറവ്, ചുമ എന്നിവയുള്ളവര്‍ ഡോക്ടറെ കാണണം. രോഗലക്ഷണങ്ങളുള്ളവര്‍ സ്കൂളിലോ ജോലിക്കോ പോകരുത്. കോവിഡിനെ വെറും ജലദോഷപ്പനിയായി കാണരുത്. ശരീരത്തിലെ പല അവയവങ്ങള്‍ക്കും തകരാറുണ്ടാക്കാന്‍ ഇതിനു കഴിയും. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് ഒഴിവാക്കരുത്.
കുട്ടികളിലെ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകളിലും വാക്സിനേഷന് ഡ്രൈവ് നടത്തും. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ ബൂസ്റ്റര്‍ ഡോസുകൂടി എടുക്കാന്‍ തയ്യാറാകണമെന്നും അധികൃതര്‍ അറിയിച്ചു.