ലണ്ടന്‍: അള്ളാഹു അക്ബര്‍ വിളികളുമായി പാലത്തില്‍ നിന്ന യുവാവിനെ ലണ്ടന്‍ പൊലീസ് വെടിവെച്ചിട്ടു. തുടര്‍ന്ന് തെംസ് നദിയിലേക്ക് വീണ ഇയാള്‍ മരിച്ചു.
ലണ്ടനിലെ തെംസ് നദിക്ക് കുറുകെയുള്ള ചെല്‍സി പാലത്തിലാണ് മാരകായുധവുമായി കൊലവിളി മുഴക്കി അഴിഞ്ഞാടുന്നു എന്നപേരില്‍ പിംലികോ സ്വദേശിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
കൈയിലൊരു സ്ക്രൂഡ്രൈവറും ഉയര്‍ത്തിയാണ് ഇയാള്‍ അള്ളാഹു അക്ബര്‍ മുഴക്കിയത് എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ടേസര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതോടെ തെംസ് നദിയിലേക്ക് വീണു. ഇയാള്‍ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആയുധമേന്തി കൊലവിളിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് സംഭവ സ്ഥലത്തെത്തിയത്. വെടിയേറ്റ് നദിയിലേക്ക് ചാടിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കീഴടക്കാന്‍ തയ്യാറാകാതെ നിന്ന അയാളെ കീഴടക്കി കസ്റ്റഡിയില്‍ എടുക്കുന്നതിനായിരുന്നു ടേസര്‍ പ്രയോഗിച്ചത്. എന്നാല്‍, അയാള്‍ നദിയില്‍ ചാടിയതോടെ പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. പിന്നീട് ഇയാളുടെ ഫ്ളാറ്റില്‍ പൊലീസ് തെരെച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലണ്ടനിലെ പിംലികോ നിവാസിയായ ഇയാള്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഇയാളുടെ അയല്‍വാസികള്‍ പറഞ്ഞത്. ഇടക്കിടെ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുമെങ്കിലും അയാള്‍ വളരെ നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നത്.
പാലത്തിന്റെ മുകളില്‍ കയറിനിന്ന് ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ട് കൈയിലുള്ള സ്ക്രൂ ഡ്രൈവര്‍ ചുഴറ്റുകയായിരുന്നു ഇയാള്‍ എന്നാണ് ഒരു ദൃക്സാക്ഷി പറഞ്ഞത്. അവിടെയെത്തിയ പൊലീസ് അയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല. തുടര്‍ന്നായിരുന്നു വെടിവെച്ചതും അയാള്‍ നദിയിലേക്ക് ചാടിയതും. തെംസ് നദിയിലെ ഒഴുക്കില്‍ അയാള്‍ കുറച്ചു ദൂരം ഒഴുകിപ്പോയെങ്കിലും പൊലീസിന് അയാളെ പിടിച്ചു കയറ്റാനായി.
അതേസമയം, പൊലീസ് അവകാശപ്പെടുന്നതു പോലെ ഒരു സ്ക്രൂഡ്രൈവര്‍ അയാളുടെ കൈയില്‍ ഇല്ലായിരുന്നു എന്നാണ് മറ്റൊരു ദൃക്സാക്ഷി പറഞ്ഞത്. ഒരു ചെറിയ ലോഹക്കഷ്ണം മാത്രമായിരുന്നു അതെന്നും ദൃക്സാക്ഷിയെ ഉദ്ദരിച്ചുകൊണ്ട് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇയാള്‍ മതപരമായ കാര്യങ്ങള്‍ ഇടക്കിടെ സംസാരിക്കുമായിരുന്നു എന്ന് ഇയാളുടെ അയല്‍ക്കാര്‍ പറയുന്നു. ചില സമയത്ത് വല്ലാതെ മതത്തില്‍ മഗ്നനാകും. മറ്റു ചില സമയങ്ങളില്‍ തീര്‍ത്തും സാധാരണ മനുഷ്യനുമാകും. എന്നിരുന്നാല്‍ പോലും ഇയാള്‍ ഇതുവരെ ആര്‍ക്കുമൊരു ശല്യവും ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഏതായാലും ഈ സംഭവത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയൊ ദൃശ്യങ്ങള്‍ കൈവശം ഉള്ളവര്‍ അതു തന്ന് അന്വേഷണത്തെ സഹായിക്കണമെന്നും സര്‍ക്കാര്‍ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.