തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്കാന് പോലീസ്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും, ലൈസന്‍സിനായി അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു.
പരിശീലനത്തിനായി പ്രത്യേക പദ്ധതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഫീസ് ഈടാക്കിയാകും പരിശീലനം നല്‍കുക. വിവിധ ബറ്റാലിയനുകള്‍ ആയിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. ആയിരം മുതല്‍ അയ്യായിരം രൂപവരെയാണ് ഫീസ്. ആയുധങ്ങള്‍ പരിചയപ്പെടുന്നതിന് ആയിരം രൂപയാണ് ഫീസ്. ഇതിന് പിന്നാലെ സിലബസ് അനുസരിച്ച് പഠനം തുടരാം. തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിന് 5000 രൂപയാണ് ഫീസ്.പരിശീലനം പൂര്‍ത്തിയായവര്‍ക്ക് പോലീസ് സര്‍ട്ടിഫിക്കേറ്റും നല്‍കും.
നിലവില്‍ സേനാംഗങ്ങള്‍ക്ക് മാത്രമാണ് ആയുധ പരിശീലനത്തിന് അനുമതിയുള്ളത്. തോക്ക് ലൈസന്‍സ് ഉള്ളവരും, ലൈസന്‍സിനായി അപേക്ഷിച്ചവരും എങ്ങനെ ഇത് ഉപയോഗിക്കും എന്നകാര്യത്തില്‍ പോലീസിന് ആശങ്കയുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ ആണ് പരിശീലനം നല്‍കുന്നത്. നിലവില്‍ റൈഫിള്‍ ക്ലബ്ബുകള്‍ വഴിയാണ് ആളുകള്‍ പരിശീലനം നേടുന്നത്. എന്നാല്‍ പെല്ലറ്റ് ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനമാണ് ഇവിടങ്ങളില്‍ നിന്നും ലഭിക്കുക. ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി പോലീസിന് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്.
മൂന്ന് മാസത്തെ ഇടവേളകളില്‍ ആകും പരിശീലനം നല്‍കുക. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ 13 ദിവസമാകും പരിശീലനം. രാവിലെ മുതല്‍ ഉച്ചവരെയാണ് പരിശീലന സമയം. പ്രത്യേക സമിതി രൂപീകരിച്ചാണ് ആയുധ പരിശീലനത്തിനായുള്ള സിലബ്ബസ് തയ്യാറാക്കിയിട്ടുള്ളത്.