പത്തനംതിട്ട: ഗവിയില്‍ വനം വകുപ്പ് വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാതെ പൊലീസ്.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തിയതിയാണ് പെരിയാര്‍ കടുവ സങ്കേതത്തിലെ ഗവി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ മനോജ് ടി മാത്യു വനിത വാച്ചറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വനം വകുപ്പ് കൈമാറിയ പരാതിയെ തുടര്‍ന്ന് 28 ന് മൂഴിയാര്‍ പൊലീസ് കേസെടുത്തു.
ഇതിന് പിന്നാലെയാണ് പ്രതി മനോജ് ടി മാത്യു ഒളിവില്‍ പോയത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ലൈംഗിക ആതിക്രമത്തിന് പുറമെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ മൂഴിയാര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഇതുവരെ പ്രതിയെ പറ്റി സൂചന കിട്ടിയിട്ടില്ല. മനോജ് ടി മാത്യു ഒളിവില്‍ പോയെന്ന് സംശയിക്കുന്ന ഇടുക്കിയിലെ ചില സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ചതായി സംശയിക്കുന്ന ഒരാളെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹാത്തോടെയാണ് ഇത് നടക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇടുക്കിയിലെ വള്ളക്കടവ് ചെക്പോസ്റ്റിലൂടെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരും മനോജ് ടി മാത്യുവിന്റെ ബന്ധുക്കളും ഗവിയിലേക്ക് എത്തിയിരുന്നു. സാധാരണ ഗതിയില്‍ വള്ളക്കടവ് വഴി സ്വകാര്യ വാഹനങ്ങള്‍ കയറ്റി വിടാറില്ലെന്നിരിക്കെയാണ് ഇത് സാധ്യമായത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പരാതിക്കാരിയെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതി പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ പത്തനംതിട്ടയിലെ ആദിവാസി സംഘടനകളുടെ പിന്തുണയോടെ നിയമ നടപടി തുടരനാണ് വനിത വാച്ചറുടെ തീരുമാനം. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതിട്ടുണ്ട്.