ഡെറാഡൂണ്‍: കേദാര്‍നാഥില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തീര്‍ത്ഥാടകരും, സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംഘടനകളും.
ഇന്നലെ വൈകീട്ട് മുതല്‍ ഇന്ന് പുലര്‍ച്ചെവരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്. കഴിഞ്ഞ ദിവസം മന്‍കി ബാത്തില്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളും, ക്ഷേത്രങ്ങളിലും ശുചീകരണം നടത്താന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന ശിരസാ വഹിച്ചുകൊണ്ടായിരുന്നു തീര്‍ത്ഥാടകരും സംഘടനകളും ശുചീകരണ യജ്ഞം നടത്തിയത്.
കേദാര്‍നാഥിലെ ഗാര്‍ബേജ്, പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളാണ് ശുചിയാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന സംഘടനയായ സുലഭ് ഇന്റര്‍നാഷണല്‍ ആണ് സംസ്കരണത്തിനായി കേദാര്‍നാഥില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചത്. തീര്‍ത്ഥാടകര്‍ക്ക് പുറമേ കേദാര്‍നാഥില്‍ എത്തിയ വിനോദ സഞ്ചാരികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ഗൗരിക്കുണ്ട്, സോന്‍പ്രയാഗ്, കേദാര്‍നാഥ് എന്നിവിടങ്ങളിലെ ശുചീകരണ യജ്ഞത്തിലാണ് വിനോദ സഞ്ചാരികള്‍ പങ്കാളികളായത്.
ഛാര്‍ ധാം യാത്രയുടെ ഭാഗമായി നിരവധി പേരാണ് കേദാര്‍നാഥിലേക്ക് എത്തിയതെന്ന് ഗര്‍ഹ്വാള്‍ യൂണിവേഴ്സിറ്റിയിലെ ടൂറിസം വിഭാഗം മേധാവി ഡോ. സര്‍വേഷ് ഉനിയാല്‍ പറഞ്ഞു. ഇത് ക്ഷേത്രത്തിന്റെ പരിസരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്ലാസ്റ്റികും, മറ്റ് മാലിന്യങ്ങളും കൊണ്ട് ക്ഷേത്ര പരിസരം മലിനമായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത് ഗുണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിക്കടി നിരീക്ഷിച്ചുവരികയാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മയൂര്‍ ദീക്ഷിതും അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്ന ഭക്തര്‍ പരിസരം ശുചിയായി സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.