ആലപ്പുഴ: സംസ്ഥാനത്ത് സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്ന വിപണന സംവിധാനം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു.
ഓണ്‍ലൈനിലും ഓഫ് ലൈനിലും കയറ്റുമതി നടത്തുന്ന വിപണന സംവിധാനത്തിലൂടെ ലോക കമ്ബോളവുമായി ബന്ധപ്പെടാന്‍ കഴിയും വിധമുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയില്‍ വിപുല വികസനം ലക്ഷ്യമിടുന്ന ഒരു വര്‍ഷം- ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ബോധവത്ക്കരണ ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം പുലിയൂര് ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുയായിരുന്നു മന്ത്രി.
രാജ്യത്തിനു തന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരു വര്‍ഷം- ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ നിര്‍ണായകമാകും.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ എണ്ണം പകുതിയായി കുറയും. ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും ജോലി ലഭിക്കും വിധം സ്ഥിതി മാറും- മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന് പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പുലിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആശ വി. നായര്‍, പ്രസന്ന രമേശന്, സുനിമോള്‍, പി.വി സാജന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മിനി ഫിലിപ്പ്, സരിത ഗോപന്, പഞ്ചായത്ത് അംഗം ലേഖ അജിത്, ജില്ലാ വ്യവസായ കേന്ദ്രം (ഇ.ഐ.) മാനേജര്‍ കെ. അഭിലാഷ്, ജി. കൃഷ്ണപിള്ള, ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ. എല്‍. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു