തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍.
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്കി. ഉത്സവപ്പറമ്ബുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമായിരിക്കും.
ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ 2020 ല്‍ പ്രാബല്യത്തിലായിട്ടും ഇതുവരെ ഇത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് അടുത്തിടെ ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചഭാഷിണി പ്രയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല എന്നാണ് 2020 ലെ കേന്ദ്ര ചട്ടം പറയുന്നത്. എന്നാല്‍, ഇത് ഇപ്പോഴും ഫലപ്രദമായി നടപ്പാക്കി വരുന്നില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്ന് ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഇതും നിയന്ത്രണവിധേയമാകും.