വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന സൗജന്യം നിര്‍ത്തലാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്.
ഈ തീരുമാനം പിന്‍വലിക്കണമെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സൗജന്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കൈരളി സലാല ജനറല്‍ കോണ്ഫറന്സിനോടുനുബന്ധിച്ച് സംഘടിപ്പിച്ച ‘നവകേരളവും രണ്ടാം പിണറായി സര്‍ക്കാരും’ എന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സുസ്ഥിര വികസനത്തിലൂടെ മാത്രമേ കേരളത്തില്‍ സമൂലമായ മാറ്റം സാധ്യമാകൂ. മുടങ്ങിക്കിടക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നിരിക്കെ കേരളത്തില്‍ തന്നെ ഭാവി തലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വലിയ പദ്ധതികളുമായി കെ റെയില്‍ പോലൊരു യാത്രാ സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെകെ ശൈലജ പറഞ്ഞു.
കൈരളി സലാല പ്രസിഡന്റ് കെ.എ.റഹീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പവിത്രന് കാരായി സ്വാഗതവും സിജോയ് നന്ദിയും പറഞ്ഞു. ലോക കേരള സഭ എ.കെ.പവിത്രന്, അംബുജാക്ഷന് എന്നിവര്‍ സന്നിഹിതരായിരുന്നു. തിങ്ങിനിറഞ്ഞ വനിതാ ഹാളില്‍ നൂറുകണക്കിന് ആളുകള്‍ ടീച്ചറുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി.