തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ വീണ തീര്‍ത്ഥാടക സംഘത്തിലെ യുവാവ് മരിച്ചു. പുനലൂര്‍ സ്വദേശിയും 24-കാരനുമായ ജ്യോതിഷാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ആഴിമല തീരത്തെ പാറക്കെട്ടില്‍ നിന്നും യുവാവ് സെല്‍ഫിയെടുക്കവേ തിരമാലയടിച്ച് കയറുകയായിരുന്നു. തുടര്‍ന്നാണ് കടലിലേക്ക് വീണത്. ആഴിമല ക്ഷേത്രദര്‍ശനത്തിന് ശേഷം ജ്യോതിഷ് അടങ്ങുന്ന 21 പേരുടെ സംഘം പാറക്കെട്ടുകള്‍ക്ക് സമീപമെത്തിയിരുന്നു. അപകട മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സംഘം പാറക്കെട്ടുകളിലെത്തിയത്. തുടര്‍ന്ന് തിരമാലടിച്ച് യുവാവ് കടലില്‍ വീഴുകയും ഇയാളെ കാണാതാകുകയുമായിരുന്നു.
പിന്നീട് ലൈഫ് ഗാര്‍ഡും പോലീസുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജ്യോതിഷിനെ കണ്ടെത്താനായില്ല. പട്രോളിങ് ബോട്ടുപയോഗിച്ച് നടത്തിയ തിരച്ചിലില്‍ അടിമലത്തുറയ്ക്ക് സമീപം യുവാവ് ഒഴുകി പോകുന്നത് കാണുകയായിരുന്നു. ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിഷ് മരിച്ചിരുന്നു. സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.