കൊളംബോ: പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വ്യക്തികളെ ആക്രമിക്കുന്നവരെയും കണ്ടാലുടന്‍ വെടിവെക്കാന്‍ അധികാരം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കന്‍ സേന.സായുധ സേനയിലെ അംഗങ്ങള്‍ ഒരു സാഹചര്യത്തിലും അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്ന് ശ്രീലങ്കന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ ശവേന്ദ്ര സില്‍വ പറഞ്ഞു. ജനറല്‍ സില്‍വ തന്റെ പദവിക്ക് പ്രസിഡന്റ് ഗോടബയ രാജപക്സയോട് കടപ്പെട്ടിരിക്കുന്നതിനാല്‍ അദ്ദേഹം സൈന്യത്തെ ജനങ്ങള്‍ക്ക് നേരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ സേനക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിട്ടും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.
ശ്രീലങ്കയിലെ നിരവധി എം.പിമാരെയും എം.എല്‍.എമാരെയും പ്രതിഷേധക്കാര്‍ ആക്രമിക്കുകയും അവരുടെ വീടുകള്‍ക്ക് തീ വെക്കുകയും ചെയ്തിരുന്നു. ഇത്തരം അക്രമികളെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇതിനിടെ പ്രതിഷേധക്കാരെ പേടിച്ച് കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്.