തിരുവനന്തപുരം; കൂട്ടുകാരോടൊത്ത് നെയ്യാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിയും കരമന തമലം മറിയം അപ്പാർട്ട്മെന്റിൽ ഗോപീകൃഷ്ണന്റെയും പരേതയായ മിനിയുടെയും മകനായ വിഷ്ണു ഗോപീകൃഷ്ണൻ(21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. നെയ്യാറിലെ അരുവിപ്പുറം ക്ഷേത്രത്തിനു സമീപമുള്ള കടവിൽ ഒരുകൂട്ടം വിദ്യാർഥികൾ ബഹളമുണ്ടാക്കി കുളിക്കുന്നുവെന്ന് മാരായമുട്ടം പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽനിന്ന് എത്തിയ കുട്ടികൾ കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ചു. ഉടൻതന്നെ പോലീസ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. മൂന്നര മണിയോടുകൂടി വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.