മറയൂര്‍: മറയൂരിലെ ശുചിത്വവും ലൈസന്‍സുമില്ലാത്ത ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച അദാലത് നടത്തും.
തുടര്‍ന്ന് നോട്ടീസ് നല്‍കിയശേഷം ഭക്ഷണശാലകള്‍ പരിശോധിക്കും. ലൈസന്‍സ് എടുത്തിട്ടില്ലാത്ത കടകള്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള സംവിധാനമൊരുക്കും. കാസര്‍കോട് ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച് യുവതി മരണപ്പെട്ട സംഭവത്തെതുടര്‍ന്ന് ലൈസന്‍സ് ഇല്ലാത്ത ഭക്ഷണശാലകളും ശുചിത്വമില്ലാത്ത ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന് ഗവ. ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്നത്.
വിനോദസഞ്ചാരകേന്ദ്രം കൂടിയായ മറയൂര്‍ മേഖലയില്‍ ധാരാളം ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ലൈസന്‍സുള്ള ഭക്ഷണശാലകള്‍ ചുരുക്കമാണ്. മറയൂരിലെ ചെറുതും വലുതുമായ മുപ്പതോളം ഭക്ഷണശാലകള്‍ പരിശോധിച്ചതില്‍ ഒരു ഹോട്ടലിന് മാത്രമാണ് എല്ലാ രേഖകളും കൃത്യമായുള്ളതെന്ന് മറയൂര്‍ ജെ.എച്ച്.ഐ പറഞ്ഞു. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്റി ജോസഫ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, റിസോര്‍ട്ട് അസോ. അംഗങ്ങള്‍, ജെ.എച്ച്.ഐ എന്നിവര്‍ പങ്കെടുത്തു.