കോഴിക്കോട്: () രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍.
വൈദ്യരങ്ങാടി സ്വദേശി ഫാത്വിമയാണ് പൊലീസ് പിടിയിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യതയാവുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്വിമ പറഞ്ഞതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്കാണ് ആണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.