തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്ത്.
സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, തുല്യവേതനം ഉറപ്പാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും കര്‍ശനമായി നിരോധിക്കും, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടു വരുമെന്നും സാംസ്കാരിക വകുപ്പ് പറയുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ-യാത്രാ സൗകര്യങ്ങള്‍ ഒരുക്കരുത്, സിനിമ ജോലികളില്‍ വ്യക്തമായ കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിര്‍ദ്ദേശങ്ങള്‍. 5000 പേജുള്ള റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്.. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിംഗസമത്വവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന നിര്‍ദ്ദേശങ്ങളാണ് കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.