മാഹി: ഒരു വ്യാഴവട്ടക്കാലം മുമ്ബ് ഇവിടെ വന്നു പോയവര്‍ക്ക് ഇന്ന് ഈ തീരം മായിക ഭൂമികയാണ്. അന്ന് ഇവിടം കടലായിരുന്നു, എന്നാലിപ്പോള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടുന്ന മയ്യഴിക്ക് അഞ്ച് ഏക്രയോളം വരുന്ന മനോഹര തീരം ‘കടലമ്മ” സമ്മാനമായി നല്കിയിരിക്കുന്നു.
വളവില്‍ അയ്യപ്പക്ഷേത്രത്തിന് മുമ്ബിലുള്ള ഈ സ്ഥലം നാട്ടുകാര്‍ ദേവഭൂമി പോലെ പരിപാലിച്ചു വരുന്നു. അടിഞ്ഞുകൂടിയ മാലിന്യങ്ങളൊക്കെ നീക്കം ചെയ്തു. തണല്‍മരങ്ങള്‍ വച്ചുപിടിച്ചു. കടല്‍ക്കാഴ്ചകള്‍ കാണാനും, സൂര്യാസ്തമയം ആസ്വദിക്കാനുമെത്തുന്നവര്ക്കായി ഇരിപ്പിടങ്ങളൊരുക്കി. വിശാലമായ പൂഴിപ്പരപ്പിലൂടെ സൈക്കിള്‍ സഞ്ചാരം നടത്തുന്നവര്‍ക്കും, വിവിധയിനം കായിക പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രത്യേകം സൗകര്യം. തുടര്‍ച്ചയായ പ്രദേശവാസികളുടെ ശ്രമദാനവും ഇന്നാട്ടുകാരായ പ്രവാസികളുടെ ഉദാരതയുമാണ് ഇവിടം സ്വര്ഗ്ഗതീരമാക്കി മാറ്റിയത്.
‘മാഹി ഫിഷിംഗ് ഹാര്‍ബറിന് പുലിമുട്ട് പണിതപ്പോഴാണ് കടലില്‍ നിന്ന് പൂഴിയടിഞ്ഞ് അഞ്ച് ഏക്രയോളം സ്ഥലം മയ്യഴി വളവില്‍ ദേശക്കാര്‍ക്ക് കൈവന്നത്. വിശാലമായ ഈ തീരത്ത് നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ സായന്തനങ്ങളില്‍ പ്രകൃതി ലാവണ്യം നുകരാന്‍ വന്നെത്തുന്നത്. അധികൃതര്‍ തിരിഞ്ഞ് നോക്കാത്ത, കാടുപിടിച്ച് കിടന്ന ഇവിടം ഇഴ ജീവികളുടേയും,, മുള്ളന്‍പന്നിയുടേയും മറ്റും വിഹാരകേന്ദ്രമായിരുന്നു.
തദ്ദേശവാസികള്‍ വന്‍തുക ചെലവഴിച്ചാണ് തീരം മനോഹരമാക്കിയത്. സുജിത്ത്, വളവില്‍ രതീപ്, ധനഞ്ജയന്, അജിത് വളവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടന്നത്. സ്ഥല പരിമിതികൊണ്ട് വീര്‍പ്പ് മുട്ടുന്ന കടലോരത്തിന് വീണുകിട്ടിയ ഏക്ര കണക്കിനുള്ള ഈ തീരം വരദാനമായി. തീരത്തു നിന്നും കടലില്‍ അകലെ സ്ഥിതി ചെയ്തിരുന്ന ചരിത്രപ്രസിദ്ധമായ ചൂട്ടക്കല്ല് ഉള്‍പ്പടെയുള്ള പാറക്കുട്ടങ്ങളുമെല്ലാം ഇപ്പോള്‍ തീരമണഞ്ഞു. 233 വര്‍ഷക്കാലം മയ്യഴി ഭരിച്ച ഫ്രഞ്ച് മൂപ്പന് സായ് വിന്റെ കൊടിമരവും, ലൈറ്റ് ഹൗസും സ്ഥിതി ചെയ്യുന്ന കുന്നിന്റെ താഴ്വാരത്താണ് ഈ തീരം രൂപപ്പെട്ടത്.
ഇന്നിപ്പോള്‍ മയ്യഴിയുടെ ഏറ്റവും ശാന്തസുന്ദരമായ ശുചിത്വമാര്ന്ന ഇടമായി ഈ പ്രകൃതിദത്ത തീരം മാറിയിട്ടുണ്ട്. ഹാര്‍ബര്‍ സൈറ്റിലെ പുലിമുട്ടിലൂടെ ഒരു കിലോമീറ്റര്‍ കടല്‍ഭാഗത്ത് സഞ്ചരിച്ചാല്‍ ഒരിടത്താവളമുണ്ട്. ഇവിടെ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍, അസ്തമയ സൂര്യന്റെ വര്‍ണ്ണഭംഗി ആസ്വദിക്കാം.