തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് പട്ടാപ്പകല്‍ വീട് ചവിട്ടിത്തുറന്ന് അകത്തുകയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം.
വീടിന് പിന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ അക്രമി
വീട്ടമ്മയെ കടന്നുപിടിക്കുകയും തടയാന്‍ ശ്രമിച്ച മകളെ മര്‍ദിക്കുകയുമായിരുന്നു. സമീപവാസിയായ ഷാജിയാണ് ഇവരെ ആക്രമിച്ചത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പറഞ്ഞ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വീടിന് പിന്നിലെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്ത് കയറിയ പ്രതി ഷാജി വീട്ടമ്മയെ കടന്ന് പിടിച്ച് വലിച്ചിഴക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. വീട്ടമ്മയുടെ ഗര്‍ഭിണിയായ മകള്‍ ഇത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും ഷാജി ആക്രമിച്ചു.നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി മാരായമുട്ടം പൊലീസില്‍ ഏല്‍പ്പിച്ചു. പലപ്പോഴായി ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്ന ഷാജി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.പത്ത് വര്‍ഷത്തിലധികമായി പ്രദേശത്തുള്ള ഷാജി മുന്‍പും ഇത്തരത്തിലുള്ള അക്രമം നടത്തിയിട്ടുണ്ട്.അക്രമത്തിനിരയായ വീട്ടമ്മയും നാട്ടുകാരും ചേര്‍ന്ന് മാരായമുട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്