കോഴിക്കോട്: ലക്ഷദ്വീപ് യാത്രക്കാര്‍ക്ക് തിരിച്ചടിയായി കേരളത്തില്‍ നിന്നുള്ള യാത്രാകപ്പലുകള്‍ വെട്ടിക്കുറിച്ചു.
കൊച്ചിയിലേക്ക് നിലവില്‍ രണ്ട് കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് കപ്പലുകളില്ലാത്തതും യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. MV കവരത്തി, MV ലഗൂണ്‍സ്, MV കോറല്‍സ്, ലക്ഷദ്വീപ് സീ, അറേബ്യന്‍ സീ , മിനികോയ് , അമിന്‍ദീവി എന്നിങ്ങനെ കൊച്ചി-ലക്ഷദ്വീപ് സര്‍വീസ് നടത്തിയിരുന്ന ഏഴ് കപ്പലുകള്‍ക്ക് പകരം ഇപ്പോള്‍ രണ്ട് കപ്പലുകള്‍ മാത്രമാണുള്ളത്. ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഒരു സര്‍വീസ് മാത്രമാണുള്ളത്.
എംവി കോറല്‍സ് എന്ന കപ്പലിനു പുറമെ ഇപ്പോള്‍ അറേബ്യന്‍ സീ കൂടി സര്‍വീസ് പുന:രാരംഭിച്ചെങ്കിലും തിരക്ക് കുറക്കാന്‍ പര്യാപ്തമല്ല. പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനാകാതെ നിരവധി വിദ്യാര്‍ഥികളാണ് കൊച്ചിയില്‍ കുടുങ്ങിയത്.ചികിത്സക്കായി വന്‍കരയിലെത്തി മടങ്ങാനാവാതെ കഴിയുന്നവരും നിരവധിയാണ്. നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ബേപ്പൂരിലേക്കുള്ളരണ്ട് കപ്പലുകളും സര്‍വീസ് അവസാനിപ്പിച്ചിട്ട് മാസങ്ങളായി.
മിനികോയ് ,അമിന്‍ദീവി കപ്പലുകള്‍ക്ക് പകരം ഹൈസ്പീഡ് വെസലുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. മണ്‍സൂണ്‍ സീസണ്പ്രമാണിച്ച് മെയ് 15 ഓടെ വെസലുകളും നിര്‍ത്തലാക്കും. ഇതോടെ വന്കരയുമായുള്ള ദ്വീപുകാരുടെ ബന്ധം വീണ്ടും പരിമിതപ്പെടും