ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ 63 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ എഹ്സാന്‍ ജഫ്രിയാണ് ഹര്‍ജി നല്‍കിയത്. കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ സുപ്രീംകോടതിയെ സമീപിച്ചത്.
ഹര്‍ജിക്ക് മെരിറ്റ് ഇല്ലെന്നും പ്രത്യേക അന്വേഷണ സംഘം 2012-ല്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിര്‍ത്തുള്ള ഹര്‍ജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കിയത്.
കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ചില്ലെന്ന് ആരോപിച്ച സാകിയ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും സാകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കപില്‍ സിബലാണ് സാകിയയ്ക്കുവേണ്ടി ഹാജരായത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിടെയാണ് എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്.