തിരുവനന്തപുരം. തലസ്ഥാന നഗരത്തിലെ കുറ്റവാളികളെയും സാമൂഹ്യവിരുദ്ധരെയും കണ്ടെത്തി പിടികൂടാന്‍ ഇന്നലെ സിറ്റി പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ ഗുണ്ടാ ആക്ട് പ്രതിയടക്കം നിരവധി പേര്‍ പിടിയിലായി.
കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ മാത്രം നിരവധി കേസുകളുള്ള മേനംകുളം പുറമ്പോക്ക് വീട്ടില്‍ കൂമ്പന്‍ സജു എന്ന് വിളിക്കു സജു (30) നെയാണ് ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊലപാതകശ്രമ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. മദ്യപിക്കുതിന് പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതില്‍ ഉള്ള വിരോധം നിമിത്തം മേനംകുളം സ്വദേശിയെ മാരകമായി ആക്രമിച്ച കേസ്, ഇയാളുടെ എതിരാളികളെ ക്കുറിച്ച് പറഞ്ഞു കൊടുക്കാത്തതിനുള്ള വിരോധം മൂലം നേതാജി നഗര്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, പോലീസില്‍ സജുവിന് എതിരെ പരാതി നല്‍കിയതിന് പാര്‍വ്വ നഗര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, മേനംകുളം കല്പന കല്‍പ്പന കോളനിയിലെ ഒരു വീട്ടില്‍ കയറി വീടും കാറും അടിച്ചു നശിപ്പിച്ച കേസ് ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.

നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള 32 പേരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. വിവിധ വാറണ്ട് കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ 30 പേരും, കഞ്ചാവ് വില്‍പ്പന വില്‍പ്പന നടത്തിയ ഒരാളെയും കഞ്ചാവ് ഉപയോഗിച്ചതിന് നാലു പേരെയും, പൊതുസ്ഥലത്ത് മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കല്‍, തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട 11 പേരെയും നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനകളില്‍ മദ്യപിച്ച് വാഹനമോടിച്ച 71 പേരും അറസ്റ്റിലായി. മോട്ടോര്‍ വാഹന നിയമപ്രകാരം 1415 പേര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു. കഞ്ചാവ് കച്ചവടക്കാരെ പിടികൂടുന്നതിനായി ലോക്കല്‍ പോലീസ്, ഷാഡോ പോലീസ്, ഡോഗ് സ്വകാഡ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ മിന്നല്‍ പരിശോധനകളും നടത്തി. വരും ദിവസങ്ങളിലും സിറ്റിയിലെ കുറ്റവാളികളെയും, സാമൂഹ്യ വിരുദ്ധരെയും, ലഹരിമരുന്ന് വില്‍പ്പനക്കാരെയും പിടികൂടുതിനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു
സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയ്ഡുകളില്‍ ഡി.സി.പി ആര്‍.ആദിത്യ, അസിസ്റ്റന്റ് കമ്മീഷന്‍ മാരായ പ്രമോദ് കുമാര്‍, വിദ്യാധരന്‍, ശിവസുതന്‍ പിള്ള, പ്രദീപ്കുമാര്‍, കഴക്കൂട്ടം സി.ഐ അന്‍വര്‍, കഴക്കൂട്ടം എസ് ഐ ഷാജി, ഷാഡോ എസ് ഐ സുനില്‍ ലാല്‍, കഴക്കൂട്ടം സ്റ്റേഷനിലെ പോലീസുകാരായ പ്രസാദ്,ശരത് , ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് ഉണ്ടായിരുന്നത്.