തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി യാത്ര തുടങ്ങി. പ്രസ്ക്ലബിനു സമീപം നടന്ന ചടങ്ങില്‍ ജില്ലാ ഇലക്ഷന് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി വോട്ടുവണ്ടി ഫഌഗ് ഓഫ് ചെയ്തു. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലാകമാനം പര്യടനം നടത്തുന്ന വോട്ടുവണ്ടിയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ട് ചെയ്യാന്‍ സമ്മതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് വോട്ടുവണ്ടി ഒരുക്കിയിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് വോട്ടുവണ്ടി ജില്ലയിലെമ്പാടും യാത്രചെയ്യുന്നത്. ജില്ലയിലെ എല്ലാ സമ്മതിദായകരെയും ഒരു തവണയെങ്കിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുകയെന്നതാണു ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും സജ്ജീകരിച്ചിട്ടുള്ള പ്രചാരണ വാഹനം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. വാഹനത്തില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തു നോക്കി സമ്മതിദായകര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം. വോട്ട് ചെയ്യുന്ന രീതി വിശദീകരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെയും വാഹനത്തില്‍ നിയോഗിച്ചിട്ടുണ്ട്.