തിരുവനന്തപുരം:- മുട്ടടയിൽ 3 യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 12 അംഗ സംഘത്തിലെ 2 പേരെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. കിണവൂർ മുണ്ടേക്കോണം വിനീത ഭവനിൽ വൈശാഖ് (34) മുണ്ടേക്കോണം കൂട്ടാട്ടുവിള വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന രതീഷ് (33) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ 1– ഉം 2– ഉം പ്രതികളാണ് ഇവർ.
തിങ്കളാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് സംഭവം നടന്നത്. മുട്ടട അഞ്ചുമുക്ക് വയലിന് സമീപത്ത് വച്ച് കിണവൂർ സ്വദേശി ശ്രീജിത്തിനേയും 2 സുഹൃത്തുക്കളെയും പ്രതികളുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും ശ്രീജിത്തിനെ ഇരുമ്പ് പൈപ്പും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണ്ണന്തല എസ്.എച്ച്. ഓ. ബൈജു, എസ്.ഐ. ഗോപീ ചന്ദ്രൻ എ.എസ്.ഐ. രാജേന്ദ്രൻ, ഹോംഗാർഡ് വിനയൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.