തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ധനസഹായ കുടിശികകളെല്ലാം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണവും പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നല്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം കൂടുതല്‍പേരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള വിവാഹ ധനസഹായം, രോഗചികിത്സാ സഹായം, ഇന്‍ഷ്വറന്‍സ് ധനസഹായം, ശാരീരിക അവശതയുള്ളവര്‍ക്കുള്ള ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള സഹായം എന്നീ വിഭാഗങ്ങളിലായി 322 പേര്‍ക്ക് 69.93 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്രളയത്തില്‍ മത്സ്യകൃഷിയില്‍ നാശനഷ്ടമുണ്ടായ അഞ്ചു കര്‍ഷകര്‍ക്കും ധനസഹായം നല്കി.
കോവളം കെ.ജെ.ജെ.എം. അനിമേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ എം. വിന്‍സന്റ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ നിസാ ബീവി, ഷൈനി വില്‍ഫ്രഡ്, മത്സ്യബോര്‍ഡ് ചെയര്മാന് സി. പി. കുഞ്ഞിരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.