മലപ്പുറം; കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്. അപകടത്തിൽ 21ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.