കണ്ണൂര്‍: മകന് മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരന് വിലക്ക് ഏര്‍പ്പെടുത്തി ക്ഷേത്ര ഭാരവാഹികള്‍. കണ്ണൂര്‍ കരിവെള്ളൂരിലെ പൂരക്കളി കലാകാരന് വിനോദ് പണിക്കര്‍ക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കര്‍. എന്നാലിപ്പോള്‍ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന്റെ ഏക വരുമാന മാര്‍ഗവും നിലച്ചിരിക്കുകയാണ്. കരിവെള്ളൂര്‍ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോല്‍സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്ബത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോല്‍സവത്തിന്റെ ഭാഗമായുള്ള പൂരകളിക്കും മറത്ത് കളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.എന്നാല്‍ ഇതിന് ശേഷമാണ് വിനോദിന്റെ മകന് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
ഇതരമതത്തില്‍പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്നും ചടങ്ങുകള്‍ക്കായി വിനോദിനെ കൂട്ടി പോകാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്.മകന്റെ ഭാര്യയെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യവസ്ഥ വെച്ചിരുന്നു. എന്നാല്‍ വിനോദ് ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് പണിക്കര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.