ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ പ്രധാന വാദം. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.
പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാണ് അപ്പീലിലെ പ്രധാന വാദം. കുട്ടിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്ന ഡിസംബര്‍ 22 ലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും കുട്ടിയോട് ഉദ്യോഗസ്ഥ മോശം വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിക്കുക.