തിരുവനന്തപുരം : മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പ്രവണത ഒഴിവാക്കുന്നതിനും പുതുതലമുറയെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുമായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുമായി വാമനപുരം നിയോജകമണ്ഡലത്തിലെ പാലോട് കേന്ദ്രമാക്കി ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസ് രൂപീകരിക്കുന്നതിനായി പ്രപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. ഡി കെ മുരളി എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പെരിങ്ങമ്മല, വിതുര ആദിവാസി മേഖലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അവിടങ്ങളില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികളും എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. വിതുര, പെരിങ്ങമ്മല, കുറ്റിച്ചല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളില്‍ യുവാക്കളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്.