തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ദിലീപിനെയും മറ്റ് പ്രതികളെയും മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കുകയും തിങ്കളാഴ്ച വരെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും. ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. 3 ദിവസം, 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക. പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ള വെല്ലുവിളി.
മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണു ക്രൈംബ്രാഞ്ച്. ദിലീപിന്റെ സഹോദരന് പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. .
മൂന്ന് ദിവസത്തെ മാരത്തോണ്‍ ചോദ്യം ചെയ്യല്‍, വിചാരണ നീട്ടാനാവില്ലെന്ന സുപ്രീം കോടതി വിധി, മൊബൈ’ല്‍ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലീസിന് ശ്രമം, ദിലീപുമായി ബന്ധപ്പെട്ട സകലരേയും പൂട്ടാനുള്ള ഗൂഢനീക്കങ്ങള്‍, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം എന്ന് തുടങ്ങി ഒരു സസ്പെന്‍സ് ത്രില്ലറിനെ വെല്ലുന്ന നിലയിലാണ് ദിലീപ് കേസിന്‍്റെ നാള്‍വഴികള്‍.