തിരുവനന്തപുരം:- കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാൽ തമിഴ്നാട്ടിൽ നിന്നും 27 കുപ്പി മദ്യം സ്കൂട്ടറിൽ ഒളിപ്പിച്ചുകൊണ്ടു വന്ന പ്രതികളെ പിടികൂടിയതായി ഐ.ജി.പി-യും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. പേട്ട കണ്ണാന്തുറ പ്രിൻസി കോട്ടേജിൽ ബിനുമോൻ (44), കഠിനകുളം പള്ളിത്തുറ പുതുവൽ വീട്ടിൽ താമസം യേശുദാസൻ ഫെർണാണ്ടസ് (38) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
കോവളം ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വിൽക്കാൻ വേണ്ടിയാണ് പ്രതികൾ മദ്യം കടത്തിയത്. കോവളം എസ്എച്ച്ഓ രൂപേഷ് രാജ്, എസ് ഐ ഷാജി, എ.എസ്.ഐ മാരായ സുബാഷ്, മധു സി പി ഓ മാരായ ബിജേഷ്, ഷിജു, ഹോം ഗാർഡ് ജിനിൽജിത്ത്, അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലോക്ഡൗണിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.