തിരുവനന്തപുരം:-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ എന്ന പേരിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർഉപാധ്യായയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വച്ച് ഇന്നലെ രാവിലെ 11 മണിക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അഡ്മിനിസ്ട്രേഷൻ&ക്രൈംഡി സി പി മുഹമ്മദ് ആരിഫ്, അസിസ്റ്റൻറ് കമ്മീഷണർമാർ, സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ, കമ്മീഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ ഓഫീസുകളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ലഹരി വിരുദ്ധപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണെന്നും അത് വ്യക്തിയോടൊപ്പം കുടുംബത്തെയും സമൂഹത്തെയും പൂർണമായും നശിപ്പിക്കുമെന്നും ആയതിനാല്‍ വിദ്യാർഥികളും യുവജനങ്ങളും ലഹരിക്കടിമപ്പെടാതെ അവരെ സംരക്ഷിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുത്തു.
തിരുവനന്തപുരം സിറ്റി പോലീസ്, സ്കൂൾ-കോളേജ് ക്ലാസുകൾ ഉപേക്ഷിച്ച് ലഹരിക്കടിമപ്പെട്ട കുട്ടികളെ കണ്ടെത്തി അവരെ ഡീ-അഡിക്ഷന് സെന്ററുകളിലെത്തിച്ച് ചികിത്സ നല്കിയ ശേഷംതുടർ കൗൺസിലിങ്ങുകള്‍ നൽകി സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിച്ചിരുന്ന പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് കൂടുതൽ ശക്തവും ഫലപ്രദവുമായരീതിയിൽ നടപ്പിലാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.കോളേജുകളിൽ പ്രവർത്തിച്ചു വരുന്ന ആൻറി നാർക്കോട്ടിക് ക്ലബ്ബുകൾ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കമ്മീഷണർ അറിയിച്ചു.